700 കോടി സ്വപ്നങ്ങൾക്കായി ഒരു
ഭൂമി മാത്രം...
ഇ.പി അനിൽ
പ്രകൃതിക്ഷമയുടെ പര്യായമാണെന്ന്
പറയുന്പോഴും പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ ദൂരവ്യാപകമായ ദുരന്തങ്ങൾ
വരുത്തിവെയ്ക്കുന്നു. പ്രകൃതി വിഭവങ്ങൾ അനിയന്ത്രിതമായി ഉപയോഗപ്പെടുത്തി
നടപ്പാക്കുന്ന വിപണി കേന്ദ്രീകൃതമായ വികസനം കടൽത്തട്ടുകൾ മുതൽ ഹിമാലയൻ നിരകളെ വരെ
ക്ഷയിപ്പിക്കുന്നു. അത് മനുഷ്യകുലത്തിനു മാത്രമല്ല സർവ്വ ജീവിവർഗ്ഗങ്ങൾക്കും
ചരമഗീതമായിട്ടുണ്ട്. പ്രകൃതിക്കുണ്ടാക്കുന്ന നാശത്തെ അതിനു തന്നെ പരിഹരിക്കാനുള്ള ശേഷി കഴിഞ്ഞ 250 വർഷമായി കുറഞ്ഞുവരുന്നത് ഭൂമിയെ നാളെ ജീവിയോഗ്യമല്ലതാക്കി തീര്‍ക്കും.
മനുഷ്യകുലം പ്രകൃതികളിൽ
നടത്തുന്ന താണ്ധവം തിരിച്ചറിയുവാൻ വൈകിയാണെങ്കിലും ലോക രാജ്യങ്ങൾ നിർബ്ബന്ധിതമായി.
അങ്ങനെ ജൂൺ 5 പരിസ്ഥിതി ദിനമായും (1972
മുതൽ) ഏപ്രിൽ 22 ഭൗമദിനമായും
ആചരിച്ചുവരുന്നു. ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ സന്ദേശം ‘700 കോടി സ്വപ്നങ്ങൾ പക്ഷേ ഒരു ഭൂമി മാത്രം ശ്രദ്ധയോടെ
ഉപയോഗിക്കുക’ എന്നതാണ്. വാക്കുകൾ വളരെ
അർത്ഥവത്താണ് എന്നതിൽ രണ്ടഭിപ്രായമില്ല. 1972
മുതൽ പരിസ്ഥിതി ദിനത്തിൽ പുറത്തുവിടുന്ന സന്ദേശങ്ങൾ ആരെയും
ആകർഷിക്കും. എന്നാൽ പൂച്ചക്കാരു മണികെട്ടും എന്ന പ്രശ്നത്തിൽ യുഎന്നും മറ്റ്
അന്തർദേശീയ കൂട്ടായ്മകളും ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുകയോ കുറ്റക്കാരെ
ചൂണ്ടിക്കാണിക്കാതിരിക്കുകയോ ചെയ്യുന്നു.
650 കോടി മനുഷ്യരും ഭൂമിയുടെ
നശീകരണത്തിൽ പങ്കാളികളല്ല. ആദിവാസികൾ എന്ന് ആന്ത്രോപോളജിക്കൽ ശൈലിയിൽ
പരാമർശിക്കുന്ന ‘അന-ആധുനികർ’ എന്ന വിശേഷണത്തിലുള്ള വിഭാഗം, പ്രകൃതിയിൽ ഇഴുകി ജീവിക്കുന്ന അവരുടെ വാസസ്ഥലങ്ങൾ(വനാന്തരങ്ങൾ) സജീവമായി
നിലനിർത്തുന്നു. ഇക്കൂട്ടർ പ്രകൃതിയുടെ അന്ധകരല്ല.എന്നാൽ അന്തർദേശീയ പരിസ്ഥിതിബോധം
വേട്ടക്കാരെയും ഇരകളെയും ഒരുപോലെ നോക്കിക്കാണുന്നു. ഇത് പരിസ്ഥിതി സംരക്ഷണത്തിന്റെ
മറവിൽ മൂന്നാം ലോകരാഷ്ട്രങ്ങളുടെ വികസന സാധ്യതയെ തകിടം മറിക്കുവാൻ അവസരം ഒരുക്കി. 3500 കലോറി ഭക്ഷണം പ്രതിദിനം കഴിക്കുന്ന(us) 500 ലിറ്റർ വെള്ളം
ചെലവഴിക്കുന്ന(Australia), 21000 കിലോ കാർബൺ ഡൈ ഓക്സൈഡ്
പ്രതിവർഷം പുറത്തുവിടുന്ന(Qatar), ആളുകളുടെയും 1590 കിലോ കലോറി മാത്രം ഭക്ഷ്യലഭ്യതയുള്ള(Erithrya),15 ലിറ്റർവെള്ളം മാത്രം കിട്ടുന്ന( സോമാലിയ, കോംഗോ തുടങ്ങിയ), 400
കിലോ കാർബൺ ഡൈ ഓക്സൈഡ് പ്രതിവർഷം പുറത്തുവിടുന്ന (Bangladesh),
മനുഷ്യരുടെയും പ്രകൃതി സംരക്ഷ ചുമതല ഒരുപോലെയാണെന്ന വാദം തികച്ചും അനാരോഗ്യകരമാണ്.
ലോകത്താഞ്ഞടിക്കുന്ന
കർത്രീന, എൽനിനോ, വരൾച്ച, അതിവൃഷ്ടി മുതലായ പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ
ഇന്ത്യയെയും വിട്ടുമാറാതെ ബാധിച്ചു കൊണ്ടിരിക്കുന്നു. സുനാമി, വരൾച്ച വിവിധ സംസ്ഥാനങ്ങളിലെ ആവർത്തിച്ചുണ്ടാകുന്ന
വെള്ളപൊക്കം, കേദാർനാഥ് ദുരന്തം, മരിക്കുന്ന നദികൾ, അതിതാപനവും അതുണ്ടാക്കിയ 2000ലധികം മരണവും
അവിചാരിത സംഭവങ്ങളല്ല. ആമസോൺ കാടുകൾ കഴിഞ്ഞാൽ പ്രധാന ജൈവവൈവിധ്യങ്ങൾ
നിലവിലുള്ള ഇന്ത്യയുടെ- വിവിധതരം മഴക്കാടുകൾ (പശ്ചിമഘട്ടം),ഹിമാലയൻ പർവ്വതസാനുക്കൾ,
ആരവല്ലി മലനിരകൾ എല്ലാം തന്നെ വർദ്ധിച്ച നാശത്തെ
അഭിമുഖീകരിക്കുന്നു. അത് മൺസൂൺ മഴയുടെ ലഭ്യതയെയും സാരമായി ബാധിച്ചു. കഴിഞ്ഞ 50 വർഷമായി നമുക്ക് ലഭിക്കുന്ന മഴയിൽ കുറവുണ്ടായി. മഴയുടെ
സ്വാഭാവത്തിലുണ്ടായ വ്യതിയാനം വൻദുരന്തങ്ങളാണ് വരുത്തിവെയ്ക്കുന്നത്. ബോംബെയിൽ ആവർത്തിച്ചുണ്ടായ
തീവ്രമഴ, മേഘഭ്രംശം(ലടാഘ്) തുടങ്ങിയ പ്രതിഭാസങ്ങൾ
കാലാവസ്ഥയിലുണ്ടായിട്ടുള്ള അനാരോഗ്യ മാറ്റങ്ങളുെട തുടർച്ചയാണ്. ഇവ ജീവിവർഗ്ഗങ്ങൾക്കും മറ്റും ദുരന്തങ്ങൾ
വരുത്തുന്നു. കൃഷിനാശം ഭക്ഷ്യവില വർദ്ധനവിനും കാർഷികവൃത്തി നഷ്ടത്തിലാക്കാനും
കാരണമാകുന്നു. ഇന്ത്യയുടെ വനമേഖല ചുരുങ്ങി ചുരുങ്ങി ഇന്ന് ആവശ്യമായ 33%ത്തിനും താഴെ 22ൽ എത്തി. വനമേഖല
ഖനി മാഫിയകൾക്കും വൻകിട ഡാം നിർമ്മാണത്തിനും ഉപയോഗപ്പെടുത്തുന്നതാണ് വനാതൃത്തി
കുറയുവാൻ കാരണം. വനസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനത്തെ രാജ്യദ്രോഹ
കുറ്റമായി സർക്കാർ വിലയിരുത്തുന്നത് പ്രകൃതി ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നതിൽ
സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തുന്നു.
സമസ്ത ജീവികൾക്കും
ജീവിക്കുവാൻ ആവശ്യമായ വിഭവങ്ങൾ ഈ ഭൂമിയിലുണ്ട്. പ്രകൃതിയുടെ നിർദ്ധാരണം മൂലം
ജീവികൾ അപ്രത്യക്ഷമാകാറുണ്ട്. അതല്ലാതെ ക്ഷാമം മൂലം ഒരു പ്രത്യേക ജീവിവർഗ്ഗവും
തുടച്ചു നീക്കപ്പെട്ടിട്ടില്ല. വ്യവസായ
വിപ്ലവാനന്തരം നാലു തരം ജീവിവർഗ്ഗങ്ങൾ പ്രതിവർഷം ഇല്ലാതാകുന്നത് മനുഷ്യന്റെ
അമിതമായ നശീകരണത്വര കൊണ്ടു മാത്രമാണ്. കഴിഞ്ഞ 400 വർഷത്തിനകം 120 സസ്തനികൾ 225 പക്ഷികൾ, 500ലധികം മത്സ്യങ്ങൾ ഇവ
നാമാവശേഷമായി. അടുത്ത 30 വർഷത്തിനുള്ളിൽ 25% ജൈവവൈവിധ്യങ്ങൾ കൂടി ഇല്ലാതെയാകും.44500 ജീവികള്‍ Red
Bookല്‍ ഇടം പിടിച്ചു.
ജലലഭ്യത നാൾക്കുനാൾ കുറഞ്ഞുവരുന്നു. ആഫ്രിക്കയിൽ
7.5 മുതൽ 25 കോടി ജനങ്ങൾ ശുദ്ധ
വെള്ളം കിട്ടാതെ ജീവിക്കേണ്ടി വരുന്നു. ഇന്ത്യയിൽ അത് 20 കോടിയാണ്. ലോകത്താകെ 120 കോടി ജനങ്ങൾ ജലക്ഷാമം
നേരിടുന്നു. ശുദ്ധജല ലഭ്യതകുറവ് മൂലം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 20 ലക്ഷം കുഞ്ഞുങ്ങൾ മരിച്ചു. കുഴൽകിണറുകളുടെ വ്യാപനം, ചതുപ്പുനിലങ്ങൾ (നെൽപ്പാടങ്ങൾ ഉൾപ്പെടെ) കുറഞ്ഞുവരുന്നത്,
നദികൾ മരിക്കുന്നത് ഒക്കെ ജല വിതാനം താഴ്ന്നു പോകുവാൻ കാരണമായി. ഇത്തരത്തിലുള്ള വിവിധങ്ങളായ പാരിസ്ഥിതിക ആഘാതത്തിനു കാരണം
അന്താരാഷ്ട്ര താപനമാണ്. അന്തരീക്ഷ താപനം ഉണ്ടാക്കുന്നതിൽ ഹരിതവാതകങ്ങൾക്ക്
മുഖ്യപങ്കുണ്ട്. 10 വർഷത്തിനകം 10000
കോടി ടൺ ഹരിതവാതകം ആകാശത്തെത്തി. 1750ൽ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് 280 ppm ആയിരുന്നത്. 2010ത്തിൽ 405 ppm ആയി വർദ്ധിച്ചു. ഭൂമിയുടെ ചരിവിൽ ഉണ്ടായ ഒരു ഡിഗ്രി വ്യതിയാനം മധ്യപൂർവ്വദേശം
വളരാൻ കാരണമായി. ഓസോൺ പാളികളുടെ ശോഷണം അന്റാർട്ടിക്കയിലെ വർദ്ധിച്ച
മഞ്ഞുരുകലിന് അവസരമുണ്ടാക്കി. ഇതിന്റെ ഒക്കെ ഭാഗമായി കഴിഞ്ഞ നൂറ്റാണ്ടിൽ 0.6 മുതൽ 1.5 ഡിഗ്രി സെന്റിഗ്രേഡ് ചൂട്
വർദ്ധന രേഖപ്പെടുത്തി. സൈബീരിയയുടെ വടക്കൻ പ്രദേശത്തുണ്ടായ ചൂടുവർദ്ധന 4 ഡിഗ്രി. മഞ്ഞുരുകല്‍
കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവരാന്‍ മറ്റൊരു കാരണമായി ഗ്രീൻലാന്റ് മഞ്ഞുപാളികകൾ
ഉരുകി തീർന്നാൽ ഏഴ് മീറ്റർ വരെ കടൽ നിരപ്പ് ഉയരാം.അത് 150 കോടി ജനതയുടെ ആവസതറകളെ കടലില്‍
മുക്കികളയും. അന്തരീക്ഷ ഊഷ്മാവ് 2 മുതൽ 6 ഡിഗ്രി വരെ ഉയർന്നാൽ 18 മുതൽ 35 ശതമാനം വരെ ജൈവവൈവിധ്യങ്ങൾ നശിക്കും. പുറത്തേക്കു വളരുന്ന മരുഭൂമിയും
അകത്തേക്ക് വളരുന്ന ജലസ്രോതസ്സുകളും എന്നതാണീന്നത്തെ അവസ്ഥ. 1990നുശേഷം ചാവു കേന്ദ്രങ്ങൾ (Dead zone) ഇരട്ടിയായി വർദ്ധിച്ചു. ഇന്ന് 146 ചാവുകേന്ദ്രങ്ങൾ ഉണ്ട്. (ഒരു ജീവിക്കും ജീവിക്കാൻ കഴിയാത്ത ഇടം) 1860നു ശേഷം 14 ഉഷ്ണവർഷങ്ങൾ ഉണ്ടായത് 1980നു ശേഷമാണ്. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും
വിളകളുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് നെല്ല്, ഗോതന്പ് പോലെയുള്ള കൃഷിയെ. മിനിട്ടിൽ 50 ഏക്കർ വനം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഗൗരവതരമായ
പ്രശ്നങ്ങൾ അന്തർദേശീയ പരിസ്ഥിതി സമ്മേളനങ്ങൾക്ക് വേദി ഒരുക്കി. കോപ്പൻ ഹേഗൻ,
ക്യോട്ടോ തുടങ്ങിയ സമ്മേളനങ്ങൾ അതിൽ ചിലത് മാത്രം.
അന്തർദേശീയ ഉടന്പടിയിലൂടെ ഹരിതവാതകങ്ങളും ഓസോൺ ശോഷണ വാതകങ്ങളും പടിപടിയായി
കുറക്കുവാൻ തീരുമാനിച്ചു.എന്നാല്‍ മൂന്നാം ലോകരാജ്യങ്ങളെ പരിസ്ഥിതി
സംരക്ഷണത്തിന്റെ ഭാഗമായി സഹായിക്കുവാൻ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു.
അമേരിക്ക നൽകിയ ഉറപ്പിൽ നിന്നും അവർ തന്നെ പുറകോട്ടു പോയി പകരം നെൽപ്പാടങ്ങളും
നാൽക്കാലികളും കൂടുതലുള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ
കൂടുതൽ ശ്രദ്ധിക്കണമെന്നാവശ്യം അമേരിക്ക ഉയർത്തി.(ഇവരുടെ നാട്ടിലെ നെല്‍പാടങ്ങളും
നാല്‍ക്കാലികളും ആണ് കാരണക്കാര്‍ എന്ന വാദം) വനവൽക്കരണ ചുമതലകള്‍ മൂന്നാം ലോകരാജ്യങ്ങൾക്ക്
നൽകി വനസംരക്ഷണ ബാദ്ധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറി.
കാർഷിക രാജ്യമായ ഇന്ത്യയിലെ
കൃഷി മഴയെയും മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങളെയും ആശ്രയിച്ചാണ് നടന്നുവരുന്നത്. മൺസൂൺ
പ്രധാന മഴക്കാലമായ ഇവിടെ ഉണ്ടാകുന്ന ഏത് മാറ്റവും കൃഷിയിൽ വൻതിരിച്ചടിക്കു
കാരണമാകും. അത് മത്സ്യബന്ധനത്തിനും വൻ ഭീഷണിയാണ്. മഹാരാഷ്ട്രയിലെ വിദർഭ,ഡെന്‍ഗന്‍മെല്‍,
മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും ആന്ധ്രാപ്രദേശിലെയും പല ജില്ലകളും വൻ വരൾച്ചാ ഭീഷണിയിലാണ്.(ഡെന്‍ഗന്‍മേല്‍
പ്രദേശത്ത്കര്‍ഷകര്‍ pannivali Bai കളെ കണ്ടെത്തുന്നു..വെള്ളം ചുമക്കലാണഅവരുടെചുമതല) കഴിഞ്ഞ
പത്ത് വർഷമായി കൃഷിയിലുണ്ടാകുന്ന നഷ്ടത്തിന് വരൾച്ചയും പ്രധാന പങ്കുവഹിക്കുന്നു.
മഴക്കുറവ് മൂലം കാർഷികമേഖലയിൽ വൻ നഷ്ടങ്ങൾ വരുത്തിവെയ്ക്കുന്നത് പ്രാധാനമായി
വിയറ്റ്നാം, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ തുടങ്ങിയ
രാജ്യങ്ങളിലെ ഭക്ഷ്യധാന്യ ഉല്പാദനത്തിലാണ്.
നമ്മുടെ നാട്ടിൽ കഴിഞ്ഞ 15
വർഷത്തിനിടയിലുണ്ടായ താപനം കേരളം പോലുള്ള പച്ചതുരുത്തുകളാൽ
പ്രസിദ്ധമായ പ്രദേശത്തും പ്രകടമായി ഉണ്ടായിരുന്നില്ല. സൂര്യാഘാതം കേരളത്തിൽ
കേട്ടുകേഴ്വി മാത്രമായിരുന്നു. എന്നാൽ ഇന്ന് പാലക്കാടൻ−പുനലൂർ പ്രദേശങ്ങളിൽ സൂര്യാഘാതം ഒരു നിത്യസംഭവമായി മാറി. മഴയുടെ അളവിൽ (3000 മില്ലിമീറ്റർ) കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല പ്രത്യേകതരം
മഴകൾ മാറിപോയിട്ട് വൻ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന കടുംമഴകൾ ഉണ്ടാകുന്നു. ഇത്
മണ്ണൊലിപ്പിനും വെള്ളം ഭൂഅറകളിൽ എത്താതെ
പോകുകയും ചെയ്യുന്നു. നൂൽമഴ കൊണ്ടു പ്രസിദ്ധമായ വയനാട്ടിൽ 12 മാസവും ഭൂമിയിൽ ജലാംശം നിലനിന്നിരുന്നു. തണുത്ത കാലാവസ്ഥ
കൊണ്ടു ശ്രധേയമായ വയനാടും ഇടുക്കിയിലെ മുന്നാർ പോലെയുള്ള സ്ഥലങ്ങൾ പോലും ഇന്ന്
വേനൽചൂടിലാണ്. കടൽക്ഷോഭങ്ങൾ രൂക്ഷമാകുന്നു. നദികളുടെ ഘടനയിലും ഒഴുക്കിലും
ഉണ്ടാകുന്ന മാറ്റം നദികളുടെ നിലനിൽപ്പിനു ഭീഷണിയായി തീർന്നു. അതിലെ
മത്സ്യസന്പത്തുകൾ ശോഷിച്ചു വരുന്നു. ഇത് അറബിക്കടലിലെ മത്സ്യ ബന്ധനത്തെയും
പ്രതികൂലമായി ബാധിച്ചു. ചാകരയുടെ തീവ്രത കുറഞ്ഞു. കേരളത്തിൽ (പ്ലാന്റേഷനുകൾ
ഉൾപ്പെടെയുള്ള) വനപ്രദേശം 30 ശതമാനം മാത്രമാണ്. യഥാർത്ഥ
വനപ്രദേശം 17 ശതമാനത്തിനടത്തു മാത്രം.
ഇന്ത്യൻ കാർഷിക മേഖലയിലെ 60
ശതമാനം ഭൂപ്രദേശവും ജലസേചന സൗകര്യങ്ങൾ ഇല്ലാത്തവയാണ്. മഴയിൽ
ഉണ്ടാകുന്ന താളപ്പിഴക്കും അപ്പുറം ഉഷ്ണക്കാറ്റിന്റെ പിടിയിൽ വടക്കേ ഇന്ത്യ ആവര്‍ത്തിച്ചു
പെട്ടുപോകുന്നു. ലോകത്തെ ഏറ്റവും ചൂടുള്ള എട്ട് പ്രദേശങ്ങളെപ്പറ്റി കൂടുതൽ
അറിഞ്ഞാൽ ചുട് ജൈവവർഗ്ഗങ്ങളെ പ്രത്യേകിച്ച്, മനുഷ്യരെ, എത്ര പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കാം. അമേരിക്കയിലെ
ഡെത്ത് വാലിയിൽ 1913ൽ 57 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ലിബിയയിൽ 55.7 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ പ്രദേശമുണ്ട്. ടൂണീഷ്യയിൽ 55 ഡിഗ്രി ചൂടിലും കടന്നുപോകുന്ന പ്രദേശമാണ് കെബിലി. മാലിയിൽ
(സഹാറ) തിംബുക്തുവും ഇസ്രായേലിലെ തിറാത്ത്ഡി ഇറാനിലെ അഹ്വാസ് സുഡാനിലെ വാദി ഹൽഫ
തുടങ്ങിയ ചുട്ടുപൊള്ളുന്ന പ്രദേശങ്ങൾ എത്ര പ്രതികൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്
.ഇന്ത്യയിൽ 2005ൽ ഉണ്ടായ ഉഷ്ണക്കാറ്റ്
നൂറിലധികം ആളുകളെ കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ മരുഭൂമിയിൽ നിന്നും എത്തുന്ന
വരണ്ട കാറ്റാണ് ഇത്തരത്തിൽ ചൂടുകാറ്റിനു കാരണം. അത് തെലുങ്കാന, ഒറിയ തുടങ്ങിയ മേഖലകളിൽ 48 ഡിഗ്രി വരെ ചൂട് ഉയർത്തുകയും 2000ലധികം ആളുകളുടെ
മരണത്തിനു കാരണമാകുകയും ചെയ്തു. ഉഷ്ണക്കാറ്റ് പ്രദേശത്തെ ദീർഘകാല−ഹ്രസ്വകാല വിളകളിൽ വൻദൂഷ്യഫലങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. നാൽക്കാലികളുടെ നാശം
കണക്കുകൾക്കപ്പുറമാണ്. പ്രസ്തുത കാലാവസ്ഥാ പ്രതിഭാസം 10,000 കോടി രൂപയുടെ സാന്പത്തിക നഷ്ടമാണ് പ്രദേശങ്ങൾക്ക് വരുത്തിവെച്ചിരിക്കുന്നത്.
മണ്ണിലെ ഭൂഗർഭ ജല വിതാനത്തിൽ ഉണ്ടായിട്ടുള്ള കുറവ് പെട്ടെന്ന് പരിഹരിക്കുവാൻ
കഴിയുന്നതല്ല. ഇത്തരം കാലാവസ്ഥാ ദുരന്തങ്ങൾ കൂടുതലായി ആവർത്തിക്കാനുള്ള സാധ്യത
കൂടി വരുന്നുണ്ട്. സൊമാലിയ തീരത്തു നിന്നും നമ്മുടെ നാട്ടിലെത്തുന്ന
തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഇടവപ്പാതിയിൽ
ലഭ്യമാകേണ്ട മഴയുടെ അളവിൽ വ്യതിയാനം ഉണ്ടാക്കും. അത് ദേശത്തിന്റെ നിലനിൽപു തന്നെ
അപകടപ്പെടുത്തും. എന്നാൽ ഇത്തരം പ്രശ്നങ്ങളെ ദീർഘകാല പദ്ധതിയിലൂടെ പരിഹരിക്കുന്ന
നിലപാടുകൾ കേന്ദ്രസംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നില്ല.
ആഗോളതാപനം വരുത്തി
വെയ്ക്കുന്ന ദുരന്തങ്ങൾ മിക്കപ്പോഴും അനുഭവിക്കേണ്ടി വരുന്നത് മൂന്നാംലോക ജനതയാണ്.
നേപ്പാൾ അതിനുള്ള ഏറ്റവും പുതിയ തെളിവും. എന്നാൽ പ്രകൃതിചൂഷണത്തിൽ മുൻപന്തിയിലുള്ള
വികസിത മുതലാളിത്ത രാജ്യങ്ങൾ അവരുടെ പങ്കിൽ നിന്നും ഒളിച്ചോടുന്ന കാർബൺ
കച്ചടവത്തിന്റെ മറവിൽ (കാർബൺ ട്രേഡ് എന്നാൽ ഓരോ രാജ്യത്തിനും പുറത്തുവിടാവുന്ന
കാർബണിന്റെ അളവ് തീരുമാനിച്ചിട്ടുണ്ട്. അത് ഉപയോഗിക്കാത്തവർക്ക് പണം വാങ്ങി അതു
മറ്റുള്ളവർക്ക് കൈമാറാൻ അവസരം) സന്പന്നരാജ്യങ്ങൾക്കും അവരുടെ ബഹുരാഷ്ട്ര
കന്പനികൾക്കും കാർബൺ ബഹിർഗമന നിയന്ത്രണത്തിൽ നിന്നു രക്ഷപ്പെടാൻ കഴിയുന്നു.
പ്രകൃതിയിൽ കൂടുതൽ ആഘാതങ്ങൾ നടത്തുന്നവർക്ക് മുകളിൽ ശക്തമായ നിയന്ത്രണങ്ങൾ വരുത്തി,
മൂന്നാം ലോകജനതയുടെ ജീവിത പുരോഗതിക്ക് തടസ്സം
നിൽക്കാതെയുള്ള വികസന സമീപനങ്ങളാണ് പ്രകൃതിക്ക് ഗുണപരമായി തീരുക. അതിലേക്ക്
യു.എന്നും മറ്റു സംഘടനകളും എത്തിച്ചേരേണ്ടതുണ്ട്.
ജൂൺ 5, 1974 മുതൽ പരിസ്ഥിതിദിനമായി ആചരിക്കുന്നു. ഓരോ വർഷവും അത്
ഉയർത്തുന്ന സന്ദേശങ്ങൾ മഹത്തരമാണ്. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം
വിളിച്ചറിയിക്കുന്ന ഭൗമഗാനം ഇന്ത്യൻ കവിയായ അഭയ് രചിച്ചു. ബീഹാറുകാരനായ ആ കവിയുടെ
വരികൾ ലോകഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Our cosmic oasis, cosmic blue pearl
the most beautiful planet in the universe
all the continents and the oceans of the world
united we stand as flora and fauna
united we stand as species of one earth
black, brown, white, different colours
we are humans, the earth is our home അങ്ങനെ പോകുന്നു ആ വരികൾ. എല്ലാവർക്കും എക്കാലത്തേക്കുമായി ഒരു ഭൂമി
മാത്രമെന്ന സുബോധ
ത്തിലേക്ക് നമ്മൾ ഉയരുന്പോഴേ പ്രകൃതിക്കുനേരെയുള്ള അതിക്രമങ്ങളെ നമുക്ക് ചെറുക്കുവാൻ കഴിയൂ.
ത്തിലേക്ക് നമ്മൾ ഉയരുന്പോഴേ പ്രകൃതിക്കുനേരെയുള്ള അതിക്രമങ്ങളെ നമുക്ക് ചെറുക്കുവാൻ കഴിയൂ.
700 കോടി സ്വപനങ്ങള്‍കൊണ്ടു ധന്യമായ ഈ ഭൂമിയില്‍
എല്ലാ സ്വപ്നങ്ങളും പ്രകൃതിയുടെ
നന്മക്കായിതീരട്ടെ......
തുടക്കം ഗംഭീരം...
ReplyDeleteഎല്ലാവർക്കും എക്കാലത്തേക്കുമായി ഒരു ഭൂമി മാത്രമെന്ന സുബോധ
Deleteത്തിലേക്ക് നമ്മൾ ഉയരുന്പോഴേ പ്രകൃതിക്കുനേരെയുള്ള അതിക്രമങ്ങളെ നമുക്ക് ചെറുക്കുവാൻ കഴിയൂ